Skip to main content

മുഖഛായ മാറാൻ താഴെ അങ്ങാടി

 

തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി വടകര താഴെ അങ്ങാടിയുടെ നവീകരണ പ്രവൃത്തിക്കുള്ള രൂപകൽപന തയ്യാറാക്കാൻ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി 2016ൽ അനുവദിച്ചതാണ്  താഴെ അങ്ങാടി നവീകരണ പദ്ധതി. തലശേരി ഹെറിറ്റേജ് പ്രൊജക്ടിൽ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണത്തിന് 2.03 കോടിയും താഴെഅങ്ങാടി നവീകരണത്തിന് 1.43 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

വടകരയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമായ താഴെഅങ്ങാടിയെ പൈതൃക നഗരമെന്നനിലയിൽ നിലനിർത്താൻ കഴിയും വിധം പദ്ധതി ആവിഷ്കരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഈ ആവശ്യം നേരത്തെതന്നെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇപ്പോൾ അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ആദ്യഘട്ട പ്രവർത്തികൾ പൂർത്തീകരിക്കും. ഇതിനാവശ്യമായ തരത്തിൽ റോഡ് വീതികൂട്ടൽ ഉൾപ്പെടെ നടക്കേണ്ടതുണ്ട്. പ്രദേശത്തെ സ്ഥല, കെട്ടിട ഉടമകളുടെയും, കച്ചവടക്കാരുടെയും നാട്ടുകാരുടെയുമെല്ലാം  സഹകരണത്തോടെ പ്രവൃത്തികൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നും  എം.എൽ.എ പറഞ്ഞു. 

കൗൺസിലർ കെ.പി.ഷാഹിമ, ഫൈസൽ മാസ്റ്റർ, കെ.പി. നജീബ്, ശറഫുദ്ധീൻ, നൗഷാദ് കല്ലറയിൽ, ടൂറിസം ജോയിന്റ് ഡയറക്ടർ ഷാൻ, അശ്വിൻ, എൻ.പി അബ്ദുള്ള ഹാജി എന്നിവർ എം എൽ എക്ക് ഒപ്പമുണ്ടായിരുന്നു. തുടർന്ന്
 എം.എൽ.എയും ഉദ്യോഗസ്ഥരും തച്ചോളി മാണിക്കോത്ത് ക്ഷേത്രവും സന്ദർശിച്ചു.

date