Skip to main content

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം

പാലക്കാട് ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍ (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെര്‍പ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) എന്നിവ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവും വാര്‍ഡു വിഭജനവും നടത്തിയത് പ്രകാരമുള്ള കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോര്‍ഡിലും, വെബ്‌സൈറ്റിലും, അക്ഷയ കേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, വായനശാലകള്‍, റേഷന്‍കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്. കരട് റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ മുമ്പാകെയോ നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഡിസംബര്‍ മൂന്നിന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങള്‍ പരിഗണിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date