സുസ്ഥിരതൃത്താല-556 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിച്ചു
തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തൃത്താല മണ്ഡലത്തില്‍ മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതി മുഖേന 556 ഹെക്ടര്‍ സ്ഥലത്ത് അധിക നെല്‍ കൃഷി ചെയ്ത് 667 ടണ്‍ നെല്ല് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു.
തരിശ് രഹിത തൃത്താല എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മണ്ഡലത്തെ പൂര്‍ണമായി തരിശു രഹിത മണ്ഡലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 15 ഹെക്ടര്‍ സ്ഥലത്തു നിലവില്‍ നെല്ല്, പച്ചക്കറികൃഷികള്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞു.
ഒരു ലക്ഷം തെങ്ങിന്‍ തൈ വിതരണത്തിന് 50 ലക്ഷം രൂപ
നാളികേര കൗണ്‍സില്‍ പദ്ധതിയും ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലുമായി ഒരു ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടത്.2022-ല്‍ കേരഫെഡുമായി സഹകരിച്ച് ചാലിശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം നെറ്റ് (FARM NET) എന്ന കര്‍ഷക ഉത്പാദക സംഘടന മുഖാന്തരം ആരംഭിച്ച പച്ചത്തേങ്ങ സംഭരണത്തിലൂടെ 1135 ടണ്‍ തേങ്ങ സംഭരിക്കുന്നതിനും അതിലൂടെ 3.63 കോടി രൂപയുടെ മൂല്യ സംഭരണത്തിനും കഴിഞ്ഞു.കേരളത്തിലെ ഏറ്റവും കൂടുതല്‍ നാളികേരം സംഭരിക്കുന്ന കേന്ദ്രമായി ഫാം നെറ്റ് ( FAM NET )മാറികഴിഞ്ഞു.
ഫലവര്‍ഗ്ഗ കൃഷി പദ്ധതി പ്രകാരം 19 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷവിളകളുടെയും കൃഷി ആരംഭിച്ചു.
ഫാം പ്ലാന്‍ അധിഷ്ഠിത കാര്‍ഷിക വികസന പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും ഇതിനോടകം രണ്ടു വീതം മാതൃകാ സംയോജിത കൃഷിത്തോട്ടങ്ങള്‍ തയ്യാറാക്കി, 27 ഏക്കര്‍ സ്ഥലം സംയോജിത കൃഷിയിലേക്ക് അധികമായി കൊണ്ട് വന്നു.
പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി തൃത്താല സമൃദ്ധി ഇക്കോഷോപ്പുമായായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും 24 ടണ്ണോളം പച്ചക്കറികള്‍ സംഭരിച്ചു. പ്രധാനമായും വെള്ളരി, മത്തന്‍, കുമ്പളം, തണ്ണിമത്തന്‍, ചുരക്ക തുടങ്ങിയവയാണ് സംഭരിച്ചത്. ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വില ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് നല്‍കി. മണ്ഡലത്തിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ പച്ചക്കറി കൃഷി
ഏറ്റെടുത്ത് വീട്ടുമുറ്റത്തും ടെറസിലും കൃഷി ചെയ്ത് പച്ചക്കറി കൃഷിയെ ജനകീയമാക്കി.
വേനലില്‍ പച്ചക്കറി കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ അധിക ഉത്പാദനം വിലക്കുറവില്ലാതെ ഹോര്‍ട്ടികോര്‍പ്പ്, മറ്റ് ഏജന്‍സികള്‍ എന്നിവയിലൂടെ സംഭരിക്കാനായി.
പച്ചക്കറിയില്‍ സ്വയംപര്യാപ്തത എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കടുക്കുകയാണ് സുസ്ഥിര തൃത്താല പദ്ധതി.വിഷുവിനു വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യം ഉയര്‍ത്തി മണ്ഡലത്തിലാകെ 153 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിയ്ക്ക് ആരംഭം കുറിക്കാനും സുസ്ഥിര തൃത്താല പദ്ധതിയിലൂടെ കഴിഞ്ഞു.
- Log in to post comments