മനസ്സോടിത്തിരി മണ്ണ് : തണലേകുന്നത് 20 കുടുംബങ്ങള്‍ക്ക്
തലചായ്ക്കാൻ സ്വന്തമായൊരിടം എന്ന സ്വപ്നങ്ങൾക്ക് ചിറകേകുകയാണ്
ചാലിശ്ശേരി വട്ടേക്കാട്ടുകുളത്ത് വി വി ബാലകൃഷ്ണൻ. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന
നിർമാണത്തിന് ആവശ്യമായ ഭൂമി
സ്വരൂപിക്കാൻ സർക്കാർ ആവിഷ്കരിച്ച 'മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ഒരേക്കർസ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയാണ് ബാലകൃഷ്ണൻ മാതൃകയായത്.
മനസ്സോടിത്തിരി മണ്ണ് ക്യാംപയിനിലൂടെ
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ 20 കുടുബങ്ങൾക്ക് മൂന്ന് സെൻ്റ് വീതം ഭൂമിയാണ് ബാലകൃഷ്ണൻ സൗജന്യമായി നൽകിയത്. ശേഷിക്കുന്ന ഭൂമിയിലായി പഞ്ചായത്തിൽ അങ്കണവാടിയും പകൽവീടും ഒരുക്കും. ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്കിലെ മുൻ പ്രസിഡൻ്റാണ് ബാലകൃഷ്ണൻ.
മനസ്സോടിത്തിരി മണ്ണിൻ്റെ ഭാഗമായി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ ഭൂമി വിതണോദ്ഘാടനം തദ്ദേശ സ്വയംഭരണ പാർലിമെൻ്ററികാര്യ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തിരുമറ്റിക്കോട് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുഹ്റ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം അനുവിനോദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം മനോമോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ പി എസ് സുരേഷ് ബാബു, വി ആർ രേഷ്മ, രാധിക രതീഷ്,ഗ്രീഷ്മ അനിൽ കുമാർ,പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ദ്രവമാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചവരെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
- Log in to post comments