Skip to main content

കടല്‍ക്ഷോഭം  630 പേരെ മാറ്റിപാര്‍പ്പിച്ചു; 27 പേരെ രക്ഷപ്പെടുത്തി

 

ശനിയാഴ്ച്ച അര്‍ധരാത്രിയോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി തീരവാസികളായ 630 പേരെ ജില്ലാഭരണകൂടം മാറ്റി പാര്‍പ്പിച്ചു. വടകര വില്ലേജില്‍ പത്ത് കുടുംബങ്ങളില്‍ പെട്ട40 പേരെ താഴേ അങ്ങാടി സൈക്ലോണ്‍ ഷെല്‍ട്ടര്‍, 35 കുടുംബങ്ങളിലെ 150 പേരെ ബന്ധുവീടുകളിലും മാറ്റിപ്പാര്‍പ്പിച്ചു. ചോറോട് വില്ലേജിലെ 12 കുടുംബങ്ങളില്‍പ്പെട്ട 41 പേരെ റിഫാനിയ മദ്രസയില്‍ താമസിപ്പിച്ചു. 45 കുടുംബങ്ങളിലെ 160 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴിയൂര്‍ വില്ലേജിലെ ഒരു കുടുംബത്തിലെ നാല് പേരെ ബന്ധുവീടുകളില്‍ താമസിപ്പിച്ചു. പുതിയങ്ങാടി ശാന്തിനഗര്‍ കോളനിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ 65 പേര്‍ക്ക് താമസ സൗകര്യമൊരുക്കി. കടലുണ്ടി വില്ലേജില്‍ അഞ്ച് ക്യാമ്പുകള്‍ തുടങ്ങി. രണ്ട് അംഗന്‍വാടികളിലും രണ്ട് സ്‌കൂളുകളിലും ഒരു മദ്രസയിലുമായി ഒരുക്കിയ ക്യാമ്പില്‍ 170 പേരെ താമസിപ്പിച്ചു. 
കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ 27 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഐ.സി.ജി.എസ് അമര്‍ത്യ എന്ന കപ്പലില്‍ ബേപ്പൂരില്‍ നിന്നുള്ള 22 പേരെയും ഐ.സി.ജി.എസ് അഭിനവ് എന്ന കപ്പലില്‍ ആലപ്പുഴ സ്വദേശിനികളായ അഞ്ച് പേരെയുമാണ് ഇന്നലെ വൈകീട്ടോടെ കരയ്‌ക്കെത്തിച്ചത്. നവംബര്‍ 29ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെത്തിക്കാട്, ഷാജി(ഇഗ്നേഷ്യസ്) തുമ്പോളി, ജോസഫ് ചെത്തിക്കാട് എന്നിവരാണ് രക്ഷപ്പെട്ട ആലപ്പുഴക്കാര്‍. 
ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ കോഴിക്കോട് വിവിധ ലോഡ്ജുകളിലായി കഴിയുന്ന ലക്ഷദ്വീപ് നിവാസികളായ 110 പേര്‍ക്ക് മൂന്ന് നേരവും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് കീര്‍ത്തി ലോഡ്ജില്‍ കഴിയുന്ന ലക്ഷദ്വീപ് നിവാസികളെ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി എത്തിയവരാണ് ഇവര്‍. ഡിസംബര്‍ 5ന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അതുവരെയുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ജില്ലാഭരണകൂടം ഉറപ്പ് വരുത്തിയിട്ടുണ്ട്. പുനരധിവാസ ക്യാമ്പുകള്‍ക്ക് എ.ഡി.എം ടി.ജനില്‍കുമാറിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ചു. 
ബേപ്പൂര്‍ പോര്‍ട്ടില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍കുട്ടി, അഡീഷണല്‍ തഹസില്‍ദാര്‍ ഇ.അനിതകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഫോണ്‍ നമ്പര്‍- 0495 2414039, 8547616106, 9995033983.
 

date