Skip to main content

'ഹരിത കേരള മിഷന്‍' - ഒന്നാം വാര്‍ഷികാഘോഷം ഇന്ന്   പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ-മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനം നടക്കും

 

    നവകേരളാ മിഷന്‍റെ ഭാഗമായി ശുചിത്വത്തിനും കൃഷിക്കും പ്രാധാന്യം നല്‍കുന്നതിനായി ആവിഷ്കരിച്ച ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ഡിസംബര്‍ എട്ട്) നടക്കും. രാവിലെ 10.30ന് നഗരസഭാ ടൗണ്‍ഹാളില്‍ എം.ബി. രാജേഷ് എം.പി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് ജില്ലാ ശുചിത്വ മിഷന്‍ തയാറാക്കിയ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. വിവിധ വകുപ്പുകള്‍ ജില്ലയില്‍ ഒരുവര്‍ഷം നടത്തിയ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ച് നടത്തും. പദ്ധതിയുടെ ഭാഗമായി 1828 കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിയുളള  ഹരിതകര്‍മസേന പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഒരു വാര്‍ഡിന് രണ്ടു പേര്‍ എന്ന തരത്തിലും ഒരു പഞ്ചായത്തിന് 30 പേരടങ്ങുന്ന ഹരിതകര്‍മസേനയാണ് രൂപീകരിക്കുക. 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷയാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.കെ. നാരായണദാസ്, ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ ഗീത, പി.കെ. സുധാകരന്‍, ബിനുമോള്‍, ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു, നഗരസഭാ അംഗം രാജേശ്വരി, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബിനില ബ്രൂണോ, ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
    ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഇ. മാലിന്യങ്ങളുടെ ഒന്നാം ഘട്ട ശേഖരണം ഹരിതകേരളമിഷന്‍റേയും ശുചിത്വമിഷന്‍റേയും നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ എട്ട്) തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്‍റെ അധീനതയിലുള്ള ക്ലീന്‍ കേരള കമ്പനിയാണ് ശാസ്ത്രീയ സംസ്കരണത്തിനായി ഇ.മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഹരിതകേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്സണും കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരിയും എ.ഡി.എം.എസ്. വിജയനും ചേര്‍ന്ന് മാലിന്യ  ശേഖരിച്ച വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് കര്‍മ്മം വൈകീട്ട് മൂന്നിന് നിര്‍വഹിക്കും. മാലിന്യസംസ്കരണത്തിനുളള നടപടികള്‍ അതത് വകുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുടര്‍ന്നുളള ശേഖരണവും ക്ലീന്‍കേരള കമ്പനി നിര്‍വഹിക്കും.  

    
 

date