Skip to main content

സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പിലാക്കും - മന്ത്രി ടി.പി. രാമകൃഷ്ണന്‍

 

സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മോട്ടൊര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിയുള്ള പുതിയ തൊഴില്‍ നയം പരിഗണനയിലാണ്. മിനിമം കൂലി വര്‍ധിപ്പിച്ച് തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ മോട്ടൊര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുണ്ട്. തൊഴിലാളികളുടെ മക്കളില്‍ പഠന മികവുള്ളവര്‍ക്ക് 500 മുതല്‍ 7500 വരെ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായമായി 20000 രൂപ, അപകട ധനസഹായം 50000, ചികിത്സാ ധനസഹായം 50000, മരണാനന്തര ധനസഹായം 50000, അപകട മരണാനന്തര ധനസഹായം 150000 രൂപയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ക്ഷേമനിധി വിഹിതം അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ ഡിസംബര്‍ 31 നകം അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. ചികിത്സാ ധനസഹായ വിതരണം പി.ഉണ്ണി എം.എല്‍.എ.യും വിവാഹ ധനസഹായ വിതരണം കെ.ബാബു എം.എല്‍.എ.യും നിര്‍വഹിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്കറിയ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ എം.ഹംസ, ബോര്‍ഡ് ഡയറക്ടര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

date