ആരോഗ്യമുള്ള ജനതക്കേ നാടിനെ പുരോഗതിയിലേക്ക് നയിക്കാനാകൂ - മന്ത്രി ടി പി രാമകൃഷ്ണന്
ആരോഗ്യമേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമ്പോഴും ജീവിതശൈലി രോഗങ്ങളുടെ തോത് വര്‍ധിക്കുന്നത് കേരളം അഭിമുഖികരിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ സ്നേഹ സംഗമം - 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്കരോഗത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളായ പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും സംസ്ഥാനത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും 19 വയസ്സിനു മുകളിലുള്ള മൂന്നില്‍ ഓരാള്‍ക്ക് അമിതരക്ത സമ്മര്‍ദ്ദവും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരില് 27 ശതമാനവും സ്ത്രീകളില്‍ 19 ശതമാനവും പ്രമേഹബാധിതതരാണെന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. 40 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരാണ്. ജീവിതരീതിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമുള്ള ജനതക്കേ നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളു. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ആരോഗ്യ സംരക്ഷണം വികസനത്തിന്റെ കേന്ദ്ര ബിന്ദുവായി സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കേരളീയ സമൂഹത്തിന്റെ കരുത്തായ നന്മയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് സ്നേഹസ്പര്‍ശം പദ്ധതിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഓര്‍ക്കാപ്പുറത്ത് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ നാടൊന്നാകെ കൂടെ ഉണ്ടെന്ന് മന്ത്രി സ്നേഹസപര്ശം കുടുംബാഗങ്ങളോട് പറഞ്ഞു.
ജെ ഡി റ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുക്കം മുഹമ്മദ്, പി ജി ജോര്‍ജ്ജ്, സുജാത മനക്കല്, പി കെ സജിത, കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബു രാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ കെ ബാലന്, അഹമ്മദ് പുന്നക്കല്‍, വി ഡി ജോസഫ്, ടി കെ രാജന് മാസ്റ്റര്‍, എ ടി ശ്രീധരന്, ബല്‍റാം മാസ്റ്റര്‍, കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ കെ സത്യന്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് വിനോദ് കാരശ്ശേരി, കൗണ്‍സിലര്‍ പി ബിജുലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വി ബാബു, ഡോ പി സി അന്‍വര്‍, ഡോ സുരേഷ് കുമാര്‍, സ്നേഹസ്പര്‍ശം ജോയിന്റ് കണ്‍വീനര്‍മാരായ ഡോ വി ഇദ്രീസ് ബി എസ് സനാഥ് എടക്കര, സ്നേഹസ്പര്‍ശം വൈസ് ചെയര്മാന്മാരായ ടി വി ചന്ദ്രഹാസന്‍, സി എ ആലിക്കോയ, സ്നേഹസ്പര്‍ശം ജോയിന്റ് സെക്രട്ടറി ടി എം അബൂബക്കര്‍, സ്നേഹസ്പര്‍ശം ട്രഷറര്‍ ബി വി ജവഫര്, സക്കീര്‍ കോവൂര്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങില്‍ ഡോ മഹ്റൂഫ് രാജ് നയിച്ച സ്വാഗത സംഗീതവും ഉണ്ടായിരുന്നു.
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് രജിസ്ട്രേഷന് നവംബര്‍ 10 വരെ
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 പ്രകാരം ജില്ലയില്‍ ആരോഗ്യ സേവനങ്ങള്‍ നല്കുന്ന എല്ലാ സ്ഥാപനങ്ങളും നവംബര്‍ 10 നകം നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. 2019 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പ്രസ്തുത ആക്ടിന്റെ പരിധിയില്എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും (ആശുപത്രികള്‍, ലാബുകള്‍, ദന്തല്‍ യൂണിറ്റുകള്‍, മെറ്റേര്‍ണിറ്റി കെയര്‍ യൂണിറ്റുകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, നഴ്സിംഗ് ഹോം, മറ്റ് വൈദ്യശാസ്ത്ര ശാഖകള്‍ - ആയുര്‍വ്വേദ, ഹോമിയോ, യൂനാനി, സിദ്ധ) ആക്ടിന്റെ പരിധിയില്‍ വരുന്നതാണ്. എല്ലാ ഗവ. സ്ഥാപനങ്ങളും, പ്രൈവറ്റ് സ്ഥാപനങ്ങളും ആക്ട് പ്രകാരം http://www.clinicalestablishments kerala.gov.in എന്ന സൈറ്റ്വഴി രജിസ്ട്രേഷന് നടത്തണം. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുള്ളില്‍ പ്രൊവിഷണല്‍ രജിസ്ട്രേഷന് ഓണ്‍ലൈനായി ലഭിക്കും. ഇത്തരത്തില്‍ രജിസ്ട്രഷന് നടത്താത്ത സ്ഥാപനങ്ങള്‍ക്ക് പെര്‍മനന്റ് രജിസ്ട്രേഷന് ലഭിക്കാതിരുന്നാല്‍ പിന്നീട് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആയതിനാല്‍ സ്ഥാപനങ്ങള്‍ നവംബര്‍ 10 നകം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തദ്ദേശകം- 2020: തുക സ്വീകരിക്കും
പഞ്ചായത്ത് വകുപ്പ് പുറത്തിറക്കുന്ന ഗൈഡ് - തദ്ദേശകം 2020 ന് 250 രൂപ വില നിശ്ചയിച്ചു. തുക മുന്‍കൂറായി അടക്കുന്ന പൊതുജനങ്ങള്‍ക്കും ഗൈഡ് വിതരണം ചെയ്യും. താല്പര്യമുള്ളവര്ക്ക് നവംബര്‍ 10നകം കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് അടക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495-2371799.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രശ്നോത്തരി
ഭരണഭാഷ വാരഘോഷങ്ങളുടെ ഭാഗമായി നവംബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ പ്രശ്നോത്തരി നടത്തും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരേ വകുപ്പില്‍ നിന്നുള്ള രണ്ട് പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. പ്രത്യേക മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് കലക്ട്രേറ്റിലെ ഡി സെക്ഷനില്‍ ഏല്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി സെക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍- 0495-2370518.
നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആര് വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മേല്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട പ്രവാസികളുടെ മക്കള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഇന്‍ഷുറന്‍സ് കാര്‍ഡോ, ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാര്‍ഡോ ഉണ്ടായിരിക്കണം.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ (ആര്‍ട്ട്സ്/സയന്‍സ് വിഷയങ്ങളില്‍), എം.ബി.ബി.എസ്സ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്സ്/ബി.എ.എം.സ്സ്/ബിഫാം/ ബി.എസ്.സി.നഴ്സിംഗ്/ബി.എസ്.സി.എം.എല്‍.റ്റി./എന്‍ജിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍/ വെറ്റിനറി ബിരുദ കോഴ്സുകള്‍ക്ക് 2019-20 അദ്ധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥി കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പഠിക്കുന്ന കോഴ്സുകള്‍ക്കുവേണ്ട യോഗ്യത പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുക. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരില്‍ ബിരുദത്തിന് സയന്‍സ് വിഷയങ്ങള്‍ക്ക് 75 ശതമാനത്തിന് മുകളിലും, ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത. പ്രൊഫഷണല്‍ ബിരുദ കോഴ്സിന് പഠിക്കുന്നവര്‍ പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്കിന് മുകളില്‍ നേടിയിരിക്കണം. റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹത.
അപേക്ഷ ഫാറം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, 3-ാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 വിലസത്തില്‍ 2019 നവംബര്‍ 30 നകം ലഭിക്കണം. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
'ക്യാര്‍' ചുഴലിക്കാറ്റ്; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശം
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന അതിശക്ത 'ക്യാർ' ചുഴലിക്കാറ്റ് (മണിക്കൂറിൽ 170 കിലോമീറ്റർ വരെ കാറ്റിൻറെ പരമാവധി വേഗതയുള്ള ചുഴലിക്കാറ്റ്) മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
2019 ഒക്ടോബർ 26 ന് പകൽ 16.6°N അക്ഷാംശത്തിലും 70.5°E രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്നഗിരി തീരത്തിൽ നിന്ന് 300 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംബയിൽ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1740 കിമീ ദൂരത്തിലുമായിരുന്നു ക്യാർ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു അതിതീവ്ര ചുഴലിക്കാറ്റ് (Extremely severe cyclonic storm മണിക്കൂറിൽ 200 കിമീ വരെ പരമാവധി വേഗതയുള്ള കാറ്റ്) ആയി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത 5 ദിവസം സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരള തീരത്തും തീരത്തോടെ ചേർന്ന കടൽ മേഖലയിലും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.
ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ പോകാൻ പാടുള്ളതല്ല (കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കുക)
'ക്യാർ' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പിന്തുടരേണ്ടതാണ്.
- Log in to post comments