Skip to main content

വാളയാറിന്റെ വിശപ്പടക്കാന്‍ ഗ്ലോബല്‍ കുടുംബശ്രീ

 

 

വാളയാര്‍ ചെക്ക് പോസ്റ്റില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ അതിര്‍ത്തിയിലെത്തുന്ന പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഭക്ഷണമൊരുക്കി ഗ്ലോബല്‍ കുടുംബശ്രീ കഫേ. ദിവസേന 250 ഓളം പേര്‍ക്ക് മൂന്ന് നേരവും വൈവിദ്ധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി നല്‍കുന്നുണ്ട് കുടുംബശ്രീ സംരംഭം. പുതുശ്ശേരി സി.ഡി.എസ്സിലെ 15 കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷ്യശാലയില്‍ വിഭവമൊരുക്കുന്നത്. 60 ഓളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, 50 ഓളം പേരടങ്ങുന്ന പോലീസ് സംഘത്തിനും പൊതുജനങ്ങള്‍ക്കുമായാണ് ഭക്ഷണം ഒരുക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കാന്റീന്‍ & കാറ്ററിംഗ് നടത്തിപ്പില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഗ്ലോബല്‍ കുടുംബശ്രീ കഫേ ഗ്രൂപ്പ് ആദ്യമായാണ് ഇത്തരത്തിലൊരു ചുമതല ഏറ്റെടുക്കുന്നത്. വിശ്രമമില്ലാത്ത ജോലികളില്‍ ഇവരുടെ കുടുംബാംഗങ്ങളും സഹായവുമായി രംഗത്തുണ്ട്. ചായ, ലഘു പലഹാരങ്ങള്‍, ഊണ്, ലെമണ്‍ റൈസ്, ടൊമോട്ടോ റൈസ്, ചപ്പാത്തി തുടങ്ങിയ വിവിധ വിഭവങ്ങള്‍ ചെറിയ വിലയില്‍ ഗ്ലോബല്‍ കഫേ ഗ്രൂപ്പ്  ലഭ്യമാക്കുന്നുണ്ട്. ഏപ്രില്‍ നാലിനാണ് വാളയാറില്‍ കഫേ  പ്രവര്‍ത്തനമാരംഭിച്ചത്.  കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.

date