Skip to main content

മലമ്പുഴ നിയോജക മണ്ഡലം സുഭിക്ഷകേരളം പദ്ധതി അവലോകനം യോഗം ചേർന്നു 

 

 മലമ്പുഴ നിയോജകമണ്ഡലത്തിലെ സുഭിക്ഷ കേരളം പദ്ധതി പുരോഗതി വിലയിരുത്തുന്നതിന്  അവലോകനയോഗം ചേർന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.വി വിജയദാസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ അധ്യക്ഷയായി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലമ്പുഴ എം.എൽ.എ.യുമായ വി.എസ് അച്യുതാനന്ദന്റെ  നിർദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്. 
 
യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ  ഭാഗമായി കൃഷി പാഠശാലകളും കൃഷിക്ക് ആവശ്യമായ ഉൽപാദന ഉപാധികൾ ലഭ്യമാക്കുന്നതിനായി ഞാറ്റുവേല ചന്തകളും നടത്തുവാൻ യോഗത്തിൽ തീരുമാനമായി. നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ഒരു ഫലവൃക്ഷമെങ്കിലും  നടുന്നതിന്റെ ഭാഗമായി തൈകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നതായും പച്ചക്കറി തൈകളും ആവശ്യമായവർക്ക് ഗ്രോബാഗുകളും  നൽകുന്നുണ്ടെന്നും കൃഷി വകുപ്പ്  ഉദ്യോഗസ്ഥർ അറിയിച്ചു. 

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിനായി കൃഷി വകുപ്പ് മുഖേന 1,12,39000 രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. 103 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കുന്നത്തിനുള്ള  പ്രാരംഭ നടപടികളും ആരംഭിച്ചു. തെങ്ങ് കൃഷിക്ക് ഇടവിളയായി ഇഞ്ചി,  മഞ്ഞൾ, ചേന വാഴ എന്നിവയുടെ കൃഷിയും ആരംഭിച്ചു. കൊടുമ്പ്, മരുതറോഡ് മലമ്പുഴ,  പുതുപ്പരിയാരം പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പി.എ അനിൽകുമാർ, മലമ്പുഴ എ.ഡി.എ ലക്ഷ്മി ദേവി,  മലമ്പുഴ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാർ,  കൃഷിവകുപ്പ്, ക്ഷീരവികസനം,  മൃഗസംരക്ഷണം,  ഫിഷറീസ്  വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

date