Skip to main content

ശബരി ആശ്രമം സ്മാരകമാക്കുന്നത് അര്‍ത്ഥവത്തായ  പ്രവൃത്തി: വി.എസ്. അച്യുതാനന്ദന്‍

 

മഹാത്മാഗാന്ധി മൂന്നുതവണ സന്ദര്‍ശനം നടത്തിയ ഇടം എന്ന നിലയില്‍ അകത്തേത്തറയിലെ ശബരി ആശ്രമം ഗാന്ധി സ്മാരകമായി മാറ്റുന്നത് അര്‍ത്ഥവത്തായ പ്രവൃത്തിയാണെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 
    ശബരി ആശ്രമത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയപ്പോള്‍ വിശ്രമിച്ച മണ്‍കുടില്‍ ദേശീയ സ്മാരകമാക്കി സംരക്ഷിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി ആശ്രമ സ്ഥാപകനായ കൃഷ്ണസ്വാമി അയ്യരെയും സഹോദരന്‍ അയ്യപ്പനെയും പോലെ സാമൂഹ്യ സമത്വത്തിന് വേണ്ടി പോരാടിയവര്‍ക്കാണ് ചരിത്രത്തില്‍ സ്ഥാനമുള്ളത്. സാമൂഹ്യ നീതിക്കും അയിത്തോച്ചാടനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ശബരി ആശ്രമത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും കൃത്യമായി ഏകോപിപ്പിക്കണം. ആശ്രമത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അകത്തേത്തറ പഞ്ചായത്ത്, സഹോദര സംഘടനകള്‍ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തണം. ഭാവിതലമുറയ്ക്ക് പില്‍ക്കാല ചരിത്രത്തെക്കുറിച്ച് കൃത്യമായ അവബോധം പകരാന്‍ സ്ഥാപനത്തിന് കഴിയണമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 
    കേരള സര്‍ക്കാര്‍ അനുവദിച്ച 11.29 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. ആള്‍ കേരള ഹരിജന്‍ സേവാ സംഘം പ്രസിഡന്‍റ് ഡോ: എന്‍ ഗോപാലകൃഷ്ണന്‍ നായര്‍, 
വാര്‍ഡ് അംഗം ഷിജു എസ്., പ്രൊഫ: പി.എ. വാസുദേവന്‍, ടി. ദേവന്‍, പി. നാരായണന്‍, കെ. സുദര്‍ശനന്‍, കൃഷ്ണസ്വാമി അയ്യരുടെ പൌത്രന്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. 
 

date